ജീവിതത്തിൽ ചിലപ്പോഴൊക്കെ ചില തിരിച്ചറിവുകൾ
ചിലരെ അകറ്റും...ചിലരെ അടുപ്പിക്കും.
ചിലരെ വിശ്വസിക്കും..ചിലരെ അവിശ്വസിക്കും.
ചിലരെ ഇഷ്ടപ്പെടും...ചിലരെ വെറുക്കും.
ചിലരോട് പറയാതെ പറയും...ചിലർക്ക് പറഞ്ഞാലും മനസ്സിലാകില്ല.
നമ്മിലെ കാഴ്ചപ്പാടിൽ തെറ്റായി തോന്നുന്ന പലതിലും...ശരിയുടെ ഒരു മങ്ങിയ വെട്ടമെങ്കിലും അണയാതെ മങ്ങി കത്തുന്നുണ്ടാകും.കടലിന്റെ ആഴവും..മനുഷ്യന്റെ മനസും ഒരുപോലെയാണ്.
ഒരിക്കൽപോലും അതിലെ ആഴവും,വ്യാപ്തിയും,ചുഴികളും,മലരികളും തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല.അവിശ്വാസവും,വിശ്വാസവും തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ട്.ഒരു നിമിഷത്തിന്റെ നൂറിൽ ഒരംശം പോലും വേണ്ടി വരില്ല.നമുക്ക് ആരെയെങ്കിലും അവിശ്വസിക്കാൻ..കുറ്റങ്ങളും,കുറവുകളും കണ്ടെത്താൻ.
പക്ഷേ......വിശ്വാസം നേടാനും,നൽകാനും നാം ഒരുപാട് പ്രയത്നിക്കേണ്ടി വരും.കാത്തിരിക്കേണ്ടി വരും.ഒരു പക്ഷേ ജീവിതകാലം മുഴുവൻ ശ്രമിച്ചാലും ഒരുപക്ഷേ അതിന് കഴിഞ്ഞെന്നും വരില്ല.
ബന്ധങ്ങൾക്ക് ഒരിക്കലും വലിപ്പചെറുപ്പം ഇല്ല.
പക്ഷേ..അത് ദർശിക്കുന്ന കണ്ണുകൾക്കും,സ്വീകരിക്കേണ്ട മനസ്സിലും ആണ്...വ്യത്യാസം അനുഭവപ്പെടുക.
മനസിലെ ദൃഢനിശ്ചയങ്ങളിൽ ചേർത്തുവെച്ച വിശ്വാസങ്ങൾ ഒരിക്കലും തെറ്റാതിരിക്കട്ടെ എന്ന് ആശംസിക്കാം...
പലപ്പോഴും സ്വീകാര്യമല്ലാത്തതും,സ്വീകരിക്കാൻ മടിക്കുന്നതും ഇതൊന്ന് മാത്രമാണ്
2016 നവംബർ 19, ശനിയാഴ്‌ച
ചില തിരിച്ചറിവുകൾ
2016 നവംബർ 15, ചൊവ്വാഴ്ച
തിരിച്ചറിവ്
നമ്മുടെ വാക്കുകള്‍ പൊള്ളയാകുന്നുവെന്ന് അപരന് തോന്നിയാല്‍ ബന്ധം അകലും. മനസ്സില്‍ നിന്ന് ഉറവയെന്നോണം ഒഴുകി വന്ന് ചുണ്ടുകളിലൂടെ പുറത്തു വരുന്ന സ്‌നേഹം നിറഞ്ഞ, കരുണ വഴിയുന്ന തരത്തിലാവണം അത്. ഒരു നല്ല വാക്കുകൊണ്ട് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞെന്നു വരും. പ്രയോഗിക്കേണ്ട അവസരത്തില്‍ അതു പ്രയോഗിക്കാതിരുന്നാല്‍ സാമ്രാജ്യം നഷ്ടപ്പെടുകയും ചെയ്യും.ഇന്നിലെ ചില ബന്ധങ്ങളിൽ ചിലപ്പോൾ ഉള്ള് തുറന്ന് പറഞ്ഞാൽ...അത് കളവായും,നുണ പറഞ്ഞാൽ അത് സത്യമായും സ്വീകരിക്കും.
ജീവിതത്തിൽ ഉടലെടുക്കുന്ന ഓരോ ബന്ധങ്ങൾക്കും സ്വീകാര്യമാകണമെന്നില്ല.
പക്ഷേ ചിലതിന് മൂല്യം കൂടും...ചിലത് പാതി വഴിയിൽ അവസാനിക്കും..എല്ലാത്തിനും ഉപരി നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയണം..ഒരു മനുഷ്യായുസ്സിന്റെ നിമ്ന്യോതികൾ ഒക്കെ പിന്നിട്ട് കഴിയുമ്പോഴായിരിക്കും...നമ്മിൽ പലരും,പലതും തിരിച്ചറിയുക...പക്ഷേ ...ആ തിരിച്ചറിവിന് പ്രസക്തിയുണ്ടാകില്ല...!
2016 നവംബർ 6, ഞായറാഴ്‌ച
ബന്ധങ്ങൾ
ഓർമ്മകൾക്ക് മരണമുണ്ടോ......?
അതോ...ചിന്തകൾക്ക് സ്വയം ജീവൻ നൽകുന്നതോ... ?
അതോ ചിന്തകൾ മരിക്കുമ്പോഴാണോ..ഓർമ്മകൾക്ക് ജീവൻ വെക്കുന്നത്..? വ്യക്തമല്ലാത്ത ഒന്ന് ഇവക്കിടയിലുണ്ടാകും....അതെന്തോ...!
ഓരോ തിരയും തഴുകി തലോടി കടന്നു പോകുമ്പോൾ...
ചിലപ്പോൾ കടൽക്കരയിലെ മണൽതരികൾക്ക് പോലും ഇന്നലെകളെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.
ഒന്നുകിൽ വിദ്വേഷത്തിന്റെ....
വിരഹത്തിന്റെ.....
നഷ്ടബോധത്തിന്റെ...അങ്ങിനെ എന്തൊക്കെയോ..ശ്രദ്ധയോടെ കാതോർത്താൽ ചിലരത് തിരിച്ചറിയും..
ചിലപ്പോൾ ചില മനുഷീകബന്ധങ്ങളും ഇങ്ങനെയാണ്..
അറിയാൻ ശ്രമിച്ചാൽ...അകന്നു പോകും..
പറയാൻ ശ്രമിച്ചാൽ..കേൾവിക്കാരല്ലാതാകും...
ജീവിതത്തിലെ ഓരോ ബന്ധങ്ങളും അദൃശ്യമായ ഒരു നൂലിഴകൊണ്ട് ബന്ധിപ്പിക്കപ്പെട്ടത് പോലെയാണ്..വളരെ നേർത്തതുമാണത്...ഒരിക്കൽ അകന്നാൽ ...പരിശ്രമിച്ചാൽ വീണ്ടും ചിലപ്പോൾ കൂട്ടിചേർക്കാൻ കഴിഞ്ഞേക്കും...
പക്ഷേ ഇഴയൊന്ന് അറ്റുപോയാൽ..പിന്നീടൊരിക്കലും പഴയപോലെ കുട്ടിച്ചേർക്കാൻ കഴിഞ്ഞെന്നു വരില്ല....അതിനെത്ര ശ്രമിച്ചാലും...നന്മയുടെ മികവുള്ള ഓരോ
ബന്ധവും തകരാതിരിക്കട്ടെ...!!
ഓർമ്മത്തെറ്റ്
ഇന്നിലെ പലതും ഒരോർമ്മത്തെറ്റായി തീരുമോ..?മനുഷ്യനും...മനുഷ്യത്വത്തിനും..വിലയില്ലാത്ത കാലത്ത് വ്യക്തിത്വം എന്തിന്..?ഓരോ ജീവിതവും ഒരു നേർരേഖ പോലെയാണ്...ചിലത് തമ്മിൽ എവിടെയെങ്കിലും വെച്ച് കൂടിച്ചേരും...ചിലത് ഒരിക്കലും കൂടിച്ചേരുകയുമില്ല.ചിന്തകളിൽ എന്തൊക്കെയോ കൂടിപിണയുന്നു..വ്യക്തമല്ല ഒന്നും..
കനവ് നിനവാകുകയും...നിനവ് ഓർമ്മകളാകുകയും ചെയ്യുമ്പോൾ..പലപ്പോഴും വിഡ്ഢിവേഷം എടുത്തണിയാതെ തന്നെ പിന്മാറേണ്ടി വരും...
ഒരുപക്ഷേ ജീവിതത്തിൽ നിന്ന്...അല്ലെങ്കിൽ ബന്ധങ്ങളിൽ നിന്ന്..
ഓരോ വാക്കുകൾക്കും അധീതമായി...എന്തൊക്കെയോ ചുരുളഴിഞ്ഞേക്കാം..
അത് എപ്പോൾ...എങ്ങിനെ..? വ്യക്തമല്ല...ഒന്നും..ജീവിതത്തിലെ കണക്കുകൂട്ടലുകൾ എവിടെയൊക്കെയോ പിഴവ് പറ്റുന്നു...ഒരിക്കലും ശരി വരാതെ...!
2016 നവംബർ 3, വ്യാഴാഴ്‌ച
അറിയാതെ
ചിരസ്ഥായിയായ സൗഹൃദങ്ങൾ മെനഞ്ഞെടുക്കുന്നതിൽ പഴയ തലമുറക്കുണ്ടായിരുന്ന ശുഷ്കാന്തി കറങ്ങിതിരിഞ്ഞ് ആധുനീക യുവത്വത്തിന്റെ നേർക്കെത്തുമ്പോൾ അത് വെറും പഴങ്കഥയായി മാറിപ്പോകുന്നു.
നഷ്ടപ്പെട്ടുപോയ പഴമയുടെ നൈർമ്മല്യം അഭിനവ സൗഹൃദത്തിന് ഉൾപ്രേരണയാകുമോ...?അറിയില്ല.
നാമൊക്കെ പഴമയുടെ നൊമ്പരവും...ആധുനികതയുടെ താളവും ചിറകിലേറ്റി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു...അക്ഷരങ്ങൾ പലപ്പോഴും മഴ പോലെ പെയ്തിറങ്ങും..ചിലർക്ക് നോവും,ചിലർക്ക് കുളിരും,ചിലർക്ക് ഒരു നനുത്ത തലോടലുമായി..പക്ഷേ ആ നോവിനും ഒരു സുഖമുണ്ടാകും...ഒരു വ്യത്യസ്ഥമായ അനുഭൂതിയുണ്ടാകും...ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് കോറിയിടുന്നു...എന്തൊക്കെയോ...
എങ്ങനെയൊക്കെയോ....
പക്ഷേ...എല്ലാറ്റിനും അപ്പുറം......
എന്തോ ഒന്ന്....ഉള്ളിന്റെ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്നു....
ഒന്നും...ഒരിക്കലും തിരിച്ചറിയാതിരിക്കട്ടെ...
....നന്ദി...ഒരായിരം
2016 ഒക്‌ടോബർ 27, വ്യാഴാഴ്‌ച
ആഗ്രഹങ്ങൾ
എന്റെ ഇന്നേ വരെയുള്ള ജീവിതം...അനാഥൻ അല്ലെങ്കിൽ തന്നെയും അനാഥനെപ്പോലെ തന്നെ ആയിരുന്നു..ചിലപ്പോഴൊക്കെ സന്തോഷം അനുഭവപ്പെടുമെങ്കിലും എല്ലായ്പോഴും...സ്ഥായിയായ അവസ്ഥ ഒരുപാട് നൊമ്പരങ്ങൾക്കിടയിലൂടെ തന്നെയാണ്...അതെന്റെ വിധി...ഒരു കുന്നോളം ആഗ്രഹിച്ചാൽ ഒരു കുന്നിക്കുരുവോളം കിട്ടും എന്ന പഴമൊഴി പോലെയാണ് എന്റെ ചില സ്വഭാവ വൈകല്യങ്ങളും..അതിനിടയിൽ ആരെയൊക്കെയോ വേദനിപ്പിച്ചു,സങ്കടപ്പെടുത്തി...പലപ്പോഴും എനിക്കൊരു വാശി ആയിരുന്നു...എന്റെ ഇഷ്ടങ്ങളിൽ മാത്രം കടിച്ചു തൂങ്ങി മറ്റുള്ളവരുടെ നൊമ്പരം അറിയാത്ത പോലെ...
എങ്കിലും എന്നിലെ നന്മകളും,ദുഷ്ടതകളും...എന്നിൽ തന്നെ തീരട്ടെ...എന്തൊക്കെയോ ആഗ്രഹിച്ചു..ആരോടൊക്കെയോ വാശി പിടിച്ചു...എന്തിനൊക്കെയോ വേണ്ടി...
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്ന് ഒരു നിമിഷമെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ എന്ന് ഇപ്പൊ വല്ലാതെ ആഗ്രഹിച്ചു പോകുന്നു..
ഒരിക്കലും ഉറപ്പില്ലാത്ത ആഗ്രഹം..
2016 ഒക്‌ടോബർ 26, ബുധനാഴ്‌ച
ഒരു തനിയാവർത്തനം പോലെ
മനസിലെ ആശയങ്ങളും,ചിന്തകളും..കാഴ്ചപ്പാടും വാക്കുകളാൽ കോറിയിടുമ്പോൾ ചിലയിടങ്ങളിൽ..അലസോരം സൃഷ്ടിക്കുക സ്വാഭാവികം..ആ അസ്വാരസ്യമാണ് ചിലരെ പിന്തിരിയാൻ പ്രേരിപ്പിക്കുക.വാക്കുകളുടെ മൂല്യങ്ങൾ നാമമാത്രമായി മനസിലാകാതെ വരുമ്പോൾ ...പെയ്തൊഴിഞ്ഞ മഴ പോലെ പലതും പാതി വഴിയിൽ അവസാനിക്കുന്നു..ഞാനെന്റെ സത്വത്തെ തിരിച്ചറിയുമ്പോൾ ചില മുഖങ്ങളിൽ വെറുപ്പിന്റെയോ....വിദ്വേഷത്തിന്റെയോ...വിശ്വാസക്കുറവിന്റെയോ...എന്തൊക്കെയോ...ചിലത് ഞാൻ തിരിച്ചറിയുന്നു...ചിലതൊക്കെ ചിലർക്കേ ശരിയാകൂ...ചിലർക്ക് മാത്രം...
മനസ് പലപ്പോഴും ആഴക്കടൽ പോലെയാണ്...
അതിലെ മലരികളും,ചുഴികളും,എന്തിനേറെ അതിലെ ആഴം പോലും അളക്കാൻ കഴിയാതെ പോകും.അതിൽ തളിരിടുന്ന ചില ഇഷ്ടങ്ങൾ അതെപ്പോഴും പ്രണയമാകണമെന്നില്ല.
ചിലത് അനുഭൂതിയും,ആദരവുമാണ്....അതിൽ ചിലപ്പോൾ കുറ്റപ്പെടുത്തലുണ്ടാകും,പഴിചാരലുണ്ടാകും,പിണക്കങ്ങളുണ്ടാകും,ഇണക്കങ്ങളുണ്ടാകും...ഇതിനിടയിൽ ചിലർക്ക് ചിലരെ മനസിലാകാതെ വരും...ഒരു തനിയാവർത്തനം പോലെ...
ചിലപ്പോൾ മനസ്...വരണ്ടതും....ചിലപ്പോൾ മലർവാടിയായും രൂപപ്പെടും...പലപ്പോഴും...മനസാണ് ശത്രു....!
മനുഷ്യനല്ല....
2016 ഒക്‌ടോബർ 20, വ്യാഴാഴ്‌ച
ഹൃദയ താളം
ഏകാന്തതയ്ക്ക് ഒരു വല്ലാത്ത താളം ഉണ്ട്.ഒറ്റപ്പെടുക എന്ന അവസ്ഥയല്ല മറിച്ച് ഒറ്റയ്ക്കിരിക്കുക എന്ന അവസ്ഥ ചിലപ്പോൾ ഒരു രസമാണ്.. ചിലപ്പോൾ എവിടെയൊക്കെയോ...എന്തൊക്കെയോ നഷ്ടപ്പെട്ടതിന്റെ....നഷ്ടപ്പെടുത്തിയതിന്റെ നോവും...നീറ്റലും ആയിരിക്കും.ഒരു വീടിനുള്ളിലോ മുറിക്കുള്ളിലോ എവിടെയുമാവട്ടെ, ചുറ്റുംമൗനത്തിന്റെതായ ഒരു സംഗീതം ഒഴുകി ഇറങ്ങി വരും.കണ്ണുകളടച്ച് മനസ് സ്വതന്ത്രമായി വിട്ടാൽ ചിന്തകളുടെ കുത്തൊഴുക്കിൽ ഒരു അപ്പൂപ്പൻ താടിയെ പോലെ പറന്നു പറന്നു നടക്കാം.ഒരൽപം കഴിഞ്ഞു കണ്ണുകൾ തുറന്നു ചിന്തകള് നമ്മളെ കുറിച്ച് മാത്രം ആക്കുക.അത് വേറെ ഒരു അനുഭവമാണ്.ഞാനും എന്റെ ഉള്ളിലെ ഞാനും മാത്രമാകുന്ന അനുഭവം.സ്വയം രണ്ടായി നിന്ന് തന്നോട് തന്നെ കൂട്ട് കൂടുന്ന മായാജാലം.എന്നും എന്റെ ഒടുങ്ങാത്ത പ്രണയം ഈ ഏകാന്തതയോടാണ്..അത് അവസാനിക്കുന്നതേയില്ല..! പ്രണയം....അത് ആർക്കും ആരോടും തോന്നാം.അത് വാക്കുകളിൽ കൂടിയോ....അക്ഷരങ്ങൾ ആയോ.. അതുമല്ലങ്കിൽ ഒരു നോട്ടം കൊണ്ടോ അറിയിക്കാം...എന്നാൽ ഒരിക്കലും അറിയിക്കാൻ പറ്റാതെ മനസ്സിന്റെ ഉള്ളിൽ ഒരുവിങ്ങലായി അവസാനിക്കുന്ന പ്രണയമുണ്ട്....അതിനൊരു നോവുണ്ട്...സുഖമുള്ള നോവ്.ഒരുപാട് ദൂരെയാണെന്നു അറിഞ്ഞിട്ടും അന്യനാണെന്ന് അറിഞ്ഞിട്ടും മനസ്സിൽ ഇന്നും സ്വന്തമാണെന്ന് കരുതി....കൂടെയുണ്ടെന്ന് കരുതി.... മനസ്സിലെ കൂട്ടിൽ പ്രണയം പങ്കു വെച്ച്...... ആ പ്രണയം വരുത്തിയ മുറിപ്പാട്...പിന്നെയും പിന്നെയും മനസ്സിനെ കുത്തി നോവിപ്പിച്ചു.... എന്തിനായിരുന്നു.......????ആരോടും തോന്നാത്ത ,ഒരിക്കലും തോന്നാത്ത ഒരു പ്രണയം . നിന്നോട്മാത്രം തോന്നിയത്....???? അരുതേ എന്ന് മനസ്സ് ആയിരം വട്ടം വിലക്കിയപ്പോഴും....ആ മനസ്സിനെപ്പോലും വെറുത്തു നിന്നെ പ്രണയിച്ചത്..... മറക്കാൻ കഴിയാതെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയാതെ മൗനമായ എന്റെ പ്രണയം.....നീ അറിയാത്ത എന്റെ പ്രണയം.... മരിക്കാത്ത ശരീരവും മരിച്ച മനസ്സും എനിക്ക് സമ്മാനിച്ച പ്രണയം....ആ പ്രണയ ഓർമ്മകളാണോ ഇന്ന് എന്റെ അക്ഷരങ്ങൾ...? അറിയില്ല.ഈ അക്ഷരങ്ങളെ ഇന്ന് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു.....അതിലൂടെ വേറെ ചിലതിനെയും.... ആ ഓർമ്മകളെയും.....!!
2016 ഒക്‌ടോബർ 19, ബുധനാഴ്‌ച
ചിന്തകൾ
ചിന്തകൾ ശിശിരവും, ഹേമന്തവും,വർഷവും കടന്ന് ശൈഥ്യ മേഖലകളും,കുളിര്മയുടെ തെളിനീർ നിറഞ്ഞ തടാകവും പിന്നിട്ട് തരിശ് ഭൂമിയിലൂടെ...ഇവിടെ ഒരു പ്രത്യേകതയുണ്ട്...സ്വന്തം ജീവവായു കൊടുത്ത് ഉണർവേകാൻ ശ്രമിച്ചാലും ഒരു പുൽനാമ്പ് പോലും ഊഷര ഭൂമിയിൽ കിളിർക്കില്ല..മുളക്കില്ല...ആ പ്രയത്നം നിഷ്ഫലമാകും...
ഈ യാത്രയിൽ പലരെയും പോലെ ഞാനും തോൽവി സമ്മതിക്കാം...
ഓരോ ഇലകൾ കൊഴിയുമ്പോഴും വീണ്ടും തളിർക്കുമെന്നറിഞ്ഞിട്ടും ആ മരം വേപഥു പൂണ്ടെങ്കിൽ...ഞെട്ടറ്റു വീഴുന്ന ആ ഇലയുടെ നൊമ്പരം എന്തായിരിക്കും...കാലം സാക്ഷി..
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്‌നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...