2020, ഡിസംബർ 6, ഞായറാഴ്‌ച

ഓർക്കുമോ എപ്പോഴെങ്കിലും

ഓർക്കുമോ...എപ്പോഴെങ്കിലും ....! 
എന്ന ചില ഓട്ടോഗ്രാഫ് വരികൾക്കിപ്പുറത്തു കൂടെ....ക്ലാസുകളിൽ അടുത്തിരുന്നവരും...അപ്പുറവും ഇപ്പുറവുമായി പല ബെഞ്ചിലും ഇരുന്ന് സൗഹൃദങ്ങൾ പങ്കിട്ട നമ്മിൽ പലരും പല വഴികളിലൂടെ കടന്നു പോയ നമ്മുടെയൊക്കെ ജീവിതയാത്ര... ഈ യാത്ര ഇന്നെവിടെ എത്തി നിൽക്കുന്നു എന്നതിനപ്പുറം എവിടെയൊക്കെയോ തട്ടി തടഞ്ഞ് എങ്ങോട്ടൊക്കെയോ ഒഴുകി പോവുകയാണ്...ചിലരിൽ ആരൊക്കെയോ ഇന്നില്ല...ചിലരെ നമ്മൾ യാത്രയിൽ കണ്ടിട്ടും തിരിച്ചറിയാതെ പോയി...പലപ്പോഴായി ചിലർ മാത്രം ഒരു നിമിഷനേരമെങ്കിലും വഴിയരികിൽ വെച്ച് സൗഹൃദം പങ്കിട്ടതും ഒരു ഓർമ്മ മാത്രമാണ്...കാലത്തിന്റെ രൂപമാറ്റമോ...ജരാനരകളോ....ജീവിത പ്രാരാബ്ദമോ എന്തോ നമ്മിൽ പലർക്കും ഒരുപാട് മാറ്റങ്ങളായി.....
കഴിഞ്ഞുപോയ കാലവും....
കൊഴിഞ്ഞു വീണ ഇലകളും ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരേപോലെ.ഒരിക്കലും വീണ്ടെടുക്കാനോ..
കൂട്ടിച്ചേർത്തുവെക്കാനോ കഴിയില്ല എന്നതല്ലേ സത്യം.ഇന്നലെകളെ പിന്തള്ളി നാളെകൾ മാത്രം സ്വപ്നം കണ്ട് മുന്നോട്ട് പായുന്നു നാം.
പോയ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നെത്തിനോക്കിയാൽ..
ഒരു വിചിന്തനം നടത്തിയാൽ...
സന്തോഷ-സന്താപ നിമിഷങ്ങളുടെ സമ്മിശ്രമായ ഓർമ്മകൾ നമ്മെ തഴുകിയും,തലോടിയും..
ഒപ്പം മിഴികൾ നിറച്ചും കടന്നുപോകുന്നത് അനുഭവിച്ചറിയാൻ കഴിയും.
ഒരുപക്ഷേ സ്വന്തമെന്ന് കരുതിയിരുന്ന...
ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതിയ ചില ബന്ധങ്ങളുടെ കണ്ണികൾ അകന്നു പോയതിന്റെ നൊമ്പരം...
വിരഹം.... വേർപാട് അങ്ങിനെ പലതും...
പിന്നെയും മനുഷ്യൻ പരക്കം പായുന്നു.
കൂടിച്ചേർന്നിരുന്നതിനെ വേർപ്പെടുത്തി...
കുടുംബബന്ധങ്ങൾ തകർത്ത്..
പലതിനേയും ഉന്മൂലനം ചെയ്ത്..
മുന്നിൽ പോകുന്നവരെ തട്ടി മാറ്റി..
പിന്നാലെ വരുന്നവരെ പരിഗണിക്കാതെ ഇനിയും പലതും വെട്ടിപിടിക്കാൻ മുന്നോട്ട് പായുമ്പോൾ പലരും ഓർക്കുന്നില്ല.
അവരവരുടെ നഷ്ടങ്ങൾ..
ഈ യാത്ര എവിടെ വരെ എന്നും അറിയില്ല...
ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമോ എന്നൊരു ഉറപ്പും ആർക്കുമില്ല.. 
ജീവിതം മധ്യാഹ്നവും കഴിഞ്ഞ് അസ്തമയത്തോട് അടുക്കുമ്പോഴാണ്
നേടിയതൊന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്ന ഓർമ്മ...നമ്മിൽ നുരപടർത്തുക..
ചിന്തിക്കാൻ പ്രേരിപ്പിക്കുക...
അതുവരെയും ഓരോരുത്തരുടെയും ചിന്ത നേട്ടങ്ങളെക്കുറിച്ച് മാത്രമായിരുന്നു..
കയ്യിലൊന്നുമില്ലാതെ ജനിക്കുന്നതും...
അവസാനം നേടിയതൊന്നും കൊണ്ടുപോകാൻ കഴിയാതെ യാത്ര തിരിക്കേണ്ടി വരുന്നവരാണ് നാമെന്ന ബോധം ജീവിതത്തിലുടനീളം മനപ്പൂർവ്വം മറന്നാണ് ഓരോരുത്തരും മുന്നോട്ട് പായുന്നത്..
ജീവിത ബന്ധങ്ങളുടെ കണ്ണികൾ എവിടെയെങ്കിലും അറ്റുപോയിട്ടുണ്ടെങ്കിൽ അത് വിളക്കിച്ചേർക്കാൻ സമയവും...സന്ദർഭവും കാത്ത് നിൽക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ.....
ജീവിതാനുഭവങ്ങളുടെ പകർത്തിയെഴുത്ത് അതൊരിക്കലും...എത്ര എഴുതിയാലും  പൂർണ്ണമാകില്ലെന്നറിയാം.പുനർവായന വേണ്ടത് നമ്മുടെയൊക്കെ പോയകാലത്തിന്റെ...
ജീവിതത്തിന്റെ തന്നെയും പിന്നാമ്പുറങ്ങളിലേക്കാണ്..അവിടെ ഓർത്തെടുക്കാൻ പലതുമുണ്ടാകും...നല്ലതും,ചീത്തയും. വേർതിരിച്ചെടുക്കണം എന്നു മാത്രം...!
ചിരസ്ഥായിയായ സൗഹൃദങ്ങൾ മെനഞ്ഞെടുക്കുന്നതിൽ പഴയ തലമുറക്കുണ്ടായിരുന്ന ശുഷ്കാന്തി കറങ്ങിതിരിഞ്ഞ് ആധുനീക യുവത്വത്തിന്റെ നേർക്കെത്തുമ്പോൾ അത് വെറും പഴങ്കഥയായി മാറിപ്പോകുന്നു.
നഷ്ടപ്പെട്ടുപോയ പഴമയുടെ നൈർമ്മല്യം അഭിനവ സൗഹൃദത്തിന് ഉൾപ്രേരണയാകുമോ...?
അറിയില്ല.
നാമൊക്കെ പഴമയുടെ നൊമ്പരവും...ആധുനികതയുടെ താളവും ചിറകിലേറ്റി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു...അക്ഷരങ്ങൾ പലപ്പോഴും മഴ പോലെ പെയ്തിറങ്ങും..ചിലർക്ക് നോവും,
ചിലർക്ക് കുളിരും,ചിലർക്ക് ഒരു നനുത്ത തലോടലുമായി..പക്ഷേ ആ നോവിനും ഒരു സുഖമുണ്ടാകും...ഒരു വ്യത്യസ്ഥമായ അനുഭൂതിയുണ്ടാകും...ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് കോറിയിടുന്നു...എന്തൊക്കെയോ...
എങ്ങനെയൊക്കെയോ....
പക്ഷേ...എല്ലാറ്റിനും അപ്പുറം......
എന്തോ ഒന്ന്....ഉള്ളിന്റെ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്നു....എന്തൊക്കെയോ ഇനിയും എഴുതണമെന്നുണ്ട്...സൗഹൃദങ്ങൾക്കിടയിൽ പലരും പറയാൻ കഴിയാതെ ബാക്കി വെച്ച എന്തൊക്കെയോ ഓരോരുത്തരുടെയും മനസ്സിന്റെ അടിത്തട്ടിൽ ഘനീഭവിച്ചു ഇപ്പോഴും കിടക്കുന്നുണ്ടാകും....അല്ലേ...?
ഒന്നും...ഒരിക്കലും തിരിച്ചറിയാതിരിക്കട്ടെ... എന്ന ചിന്തയോടെ....
....നന്ദി...ഒരായിരം
നമുക്ക് വീണ്ടും തുടരാം....സൗഹൃദങ്ങളിലൂടെ...സൗഹൃദങ്ങളിലേക്ക്....പോയകാലത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു യാത്ര.....അല്ലേ....?
               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ