2026 ജൂൺ 11, വ്യാഴാഴ്‌ച

ഒറ്റപ്പെടലിന്റെ ഒരു കാലം....

ഒറ്റപ്പെടലിന്റെ ഒരു കാലം...
അത് നമ്മേ കാത്തിരിക്കുന്നുണ്ട്.
ഇന്നിലെ ഓരോ ജീവിതവും ആ ഒറ്റപ്പെടലിന്റെ ദിനങ്ങളിലേക്ക് ഓരോ നിമിഷവും നടന്നടുത്ത് കൊണ്ടേയിരിക്കുന്നു.
ചുറ്റുവട്ടത്ത് ഒരുപാട് പേരുണ്ടെന്നിരിക്കേ ഒറ്റപ്പെട്ട് ജീവിക്കുന്ന ചിലരുണ്ട്...കൂടെ ആരൊക്കെയോ ഉണ്ടായിട്ടും ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവരുമുണ്ട്.
മക്കളൊക്കെ ഉയരങ്ങൾ താണ്ടി പറന്നകലുന്ന കാലത്ത്‌ വാശി പിടിക്കുന്ന ചില അച്ഛനമ്മമാരുണ്ട്.
എന്നെ പരിചരിക്കാൻ എന്റെ മക്കളോ...എന്റെ ഇണയോ... കൂടെ വേണമെന്ന്.
ഇല്ല...അതുണ്ടാകില്ല.
കാരണം...ഒറ്റപ്പെടലും ഏകാന്തതയും
അതൊരു ജീവിത യാഥാർഥ്യമാണ്.ആ
ഏകാന്തതയും...
ഒറ്റപ്പെടലും അതൊരു നാൾ നമ്മെ തേടിയെത്തും.
അഗതി മന്ദിരങ്ങളിൽ പാർക്കുന്ന ആരുടെയൊക്കെയോ മാതാ-പിതാക്കൾ...
അവർക്ക് ബന്ധങ്ങളോ...
ബന്ധുക്കളോ...
ഉറ്റവരോ...
ഉടയവരോ...ഇല്ലാഞ്ഞിട്ടല്ല.
ചിലർക്ക്  ജോലി തിരക്ക്.
അല്ലെങ്കിൽ സമയക്കുറവ്...
അതുമല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം.
ഇന്നിലെ മനുഷ്യർക്ക് കാരണങ്ങൾക്കാണോ പഞ്ഞം.അവിടെ അച്ഛന്റെ വിയർപ്പിന്റെ അന്നമോ...
അമ്മയുടെ സാന്ത്വനത്തിന്റെ സ്പർശമോ...ഒന്നും ഓർമ്മയിലുണ്ടാകില്ല ചിലർക്ക്. ഇന്ന് നാം കൈപിടിച്ചു കൂടെ കൊണ്ടുനടന്നവരൊക്കെ നാളെ നമുക്കൊപ്പം ഉണ്ടാകുമെന്ന് ആർക്കെങ്കിലും ഉറപ്പ് പറയാൻ സാധിക്കുമോ...? 
ഇല്ല.
അതാണ് സത്യം.
കാരണം...
ഒറ്റപ്പെടലും... ഏകാന്തതയും... കാലത്തിന്റെ കണക്ക് പുസ്തകത്തിൽ എഴുതി ചേർത്ത വരികളാണ്...
ചിലർ ഒന്നുമറിയാതെ രക്ഷപ്പെട്ടു പോകുന്നവരുണ്ട്..
അവരാണ് ഭാഗ്യവാൻമാർ...
അവർക്ക് ആരുടെയും 
മുഷിഞ്ഞ മുഖം കാണേണ്ട...
മുറിപ്പെടുത്തുന്ന വാക്കുകൾ കേൾക്കേണ്ട...
ആരുടെയും കണക്ക് പറച്ചിലും കേൾക്കേണ്ട...
ഇന്നിപ്പോൾ ഓരോ അഗതി മന്ദിരങ്ങളും കെട്ടി പൊക്കുമ്പോൾ ഓരോരോ വീടുകളിലേയും അത് വരെ തെളിഞ്ഞു കത്തിയിരുന്ന വിളക്കുകളെ മാറ്റി പാർപ്പിക്കപ്പെടുന്നു.
അല്ല...
മാറ്റി സ്ഥാപിക്കപ്പെടുന്നു.
അങ്ങിനെ പറയുന്നതാവും ശരി.
പക്ഷേ...ഒന്നുണ്ട്.
ഓരോ വീട്ടിലേയും അതുവരെ തെളിഞ്ഞു നിന്നിരുന്ന പ്രകാശത്തേയാണ് ഊതി കെടുത്തിയതെന്ന് ചിലർ അറിയാതെ പോയി...
കുടിലുകൾ കൊട്ടാരങ്ങളായി മാറി. ഇടവഴികളത്രയും മെറ്റൽ ചെയ്ത റോഡുകളും ഇന്റർലോക്കിട്ട തറകളുമായിമാറി. 
പക്ഷേ... നമൊന്ന് വീട്ടിലേക്കെത്താൻ വൈകിയാൽ വീട്ടുവരാന്തയിൽ  നിന്ന് മാറാതെ റോഡിലേക്കോ...ഇടവഴിയിലേക്കോ നോക്കി നിൽക്കുന്ന ഒരു ചിത്രം ചിലരുടെയൊക്കെ മനസ്സിൽ ഇന്നുമുണ്ടാകാം.
അത് ഒരുപക്ഷേ...
പൊന്നുമക്കളെ വഴിനോക്കി നിൽക്കുന്ന അമ്മയുടെയോ...
അച്ഛന്റേയോ മുഖമായിരിക്കും അത്...പക്ഷേ...
ഇന്ന് കാലം മാറി....
ലോകം മാറി....
ഒപ്പം നമ്മളും മാറി.....
പക്ഷേ...ഒന്നുണ്ട്.
ഏകാന്തതയും....ഒറ്റപ്പെടലും അത് ഒരു നാൾ തേടി വരും...അത് പരമമായ സത്യമാണ്....!

അഭിപ്രായങ്ങളൊന്നുമില്ല: