2026 ജൂൺ 23, ചൊവ്വാഴ്ച

ചില ബന്ധങ്ങൾ

രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളുമാണ്‌ ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും. രക്തബന്ധം നിയമപരമായി നിലനിര്‍ത്തേണ്ട ബാധ്യതയാണ്‌.
എന്നാല്‍ വ്യക്തിബന്ധങ്ങള്‍ നിയമപരമൊന്നുമല്ലാതിരിക്കെ തന്നെ പറിച്ചുമാറ്റാനാവാത്ത ആത്മബന്ധമായി
തീരുന്നവയാണ്‌.. അങ്ങനെയുള്ള ബന്ധങ്ങളായി നാം മാറുമ്പോഴും അങ്ങനെയുള്ള ബന്ധങ്ങള്‍ നമുക്കുണ്ടാവുകയും ചെയ്യുമ്പോള്‍ അന്നു മുതല്‍ ജീവിതത്തിന്‌ പുതിയൊരു ഭംഗി ലഭിക്കുന്നു. ഒട്ടുമാവശ്യപ്പെടാതെ നമുക്കുവേണ്ടി കരയുകയും നമ്മുടെ സന്തോഷങ്ങളില്‍ ആനന്ദിക്കുകയും നമുക്ക്‌ കൂട്ടുവരികയും വിട്ടുപോകേണ്ടി വന്നാലും വിട്ടുപോകാനാവാതെ നമ്മെ ആഗ്രഹിക്കുകയും ചെയ്യുന്ന നല്ല ബന്ധങ്ങള്‍!! അകലങ്ങള്‍ക്കിടയിലും അടുത്തുകൊണ്ടേയിരിക്കുന്ന ഹൃദയ സൗഹൃദങ്ങളാണവ. 
മനസ്സിലെന്നും താലോലിക്കാവുന്ന നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ ആര്‍ക്കും അധികമുണ്ടാവില്ല. 
അത്തരം സുഹൃത്തുക്കള്‍ തണലും തലോടലുമായി നമ്മുടെ ഓര്‍മയില്‍ പോലും കൂടെ വരും. 
സമയവും സാന്നിധ്യവും സമ്പത്തും നമുക്കുവേണ്ടി അവര്‍ നൽകിക്കൊണ്ടേയിരിക്കും. മടുപ്പില്ലാതെ നമുക്കുവേണ്ടി കാത്തിരിക്കും. 
തിരിച്ചൊന്നും ആഗ്രഹിക്കാതെ ഈ ബന്ധം അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. രണ്ടു പേര്‍ പരസ്‌പരം ഇങ്ങനെ ഹൃദയബന്ധമുണ്ടാക്കുമ്പോള്‍ എന്തൊരു ഭംഗിയാണത്. 
മൂന്നാമതൊരാള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കാനാവാത്ത വിധം വശ്യമായിരിക്കും ആ ആനന്ദം. 
ഇത്രയും ആത്മബന്ധമുള്ളവരുടെ മനസ്സുകളകലുമ്പോള്‍ അത്‌ അസാധ്യമായ വേദനയായിരിക്കും. 
പിണങ്ങുകയും പിരിയുകയും ചെയ്യുമ്പോള്‍ താങ്ങാനാവാത്ത ഹൃദയദുഃഖമുണ്ടാകുന്നു. ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോള്‍ ഉണങ്ങാത്ത മുറിവുണ്ടാക്കുന്നു. 
ചെറിയ കാരണങ്ങളാല്‍ ഒരാള്‍ അകലുമ്പോള്‍ കനമുള്ള കണ്ണീരായി അത്‌ ബാക്കിയാവുന്നു. അന്നോളമുള്ളതെല്ലാം വേദനയുള്ള ഓര്‍മകളായി ജീവിത കാലം മുഴുവനും...ചിലപ്പോൾ ഉണർന്നും...ചിലപ്പോൾ ഉറങ്ങിയും നമ്മുടെയൊക്കെ ഉള്ളിൽ മങ്ങാതെ...മായാതെ കിടക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: