സന്ധ്യയുടെ ചുവപ്പ് പടർന്നു തുടങ്ങിയ ഉമ്മറപ്പടിയിൽ ചാരിയിരിക്കുമ്പോൾ അയാൾ ആ പഴയ ആൽബം മറിച്ചുനോക്കുകയായിരുന്നു. കാറ്റിൽ ഇളകിയാടുന്ന മുറ്റത്തെ മാവിലകൾക്ക് പോലും ഇന്നൊരു തരം മൗനമുണ്ടെന്ന് അയാൾക്ക് തോന്നി.ജീവിതത്തിന്റെ വസന്തവും ഗ്രീഷ്മവുമെല്ലാം കടന്നുപോയ വഴികളിലേക്ക് അയാൾ തിരിഞ്ഞുനോക്കി. എത്ര വേഗമാണ് കാലം ഒഴുകിപ്പോയത്.
ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്ന് കൗമാരത്തിന്റെ ആവേശത്തിലേക്കും... പിന്നെ യൗവ്വനത്തിന്റെ തിരക്കുകളിലേക്കും നീന്തിക്കയറിയ കാലം. അന്ന് സ്വന്തം സുഖങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടിയുള്ള ഓട്ടമായിരുന്നു. ആ യാത്രയ്ക്കിടയിൽ അറിയാതെയോ അറിഞ്ഞോ പലരെയും വേദനിപ്പിച്ചിട്ടുണ്ടാകാം. ചിലരുടെയൊക്കെ സ്നേഹത്തെ നിസ്സാരമായി തള്ളിക്കളഞ്ഞിട്ടുണ്ടാകാം. അന്നൊക്കെ കൂടെയുണ്ടായിരുന്ന പല മുഖങ്ങളും ഇന്ന് ആൽബത്തിലെ മങ്ങിയ ചിത്രങ്ങൾ മാത്രമാണ്.
"അച്ഛാ, ചായ..."
മകൻ അരുണിന്റെ ശബ്ദം കേട്ടാണ് അയാൾ
ചിന്തകളിൽ നിന്നുണർന്നത്. ചായക്കപ്പ് മേശപ്പുറത്ത് വെച്ച് ഫോണിൽ നോക്കിക്കൊണ്ട് അരുൺ അകത്തേക്ക് നടന്നു. ഒരൊറ്റ നിമിഷം പോലും അച്ഛന്റെ മുഖത്തേക്ക് നോക്കാനോ ഒന്ന് കുശലം പറയാനോ അവന് സമയമില്ല. അകത്തളങ്ങളിൽ നിന്ന് മരുമകളുടെയും കൊച്ചുമക്കളുടെയും ചിരിയും സംസാരവും കേൾക്കാം. പക്ഷേ..., ആ സംസാരങ്ങളിലൊന്നും തനിക്കോ തന്റെ ചിന്താഗതികൾക്കോ ഒരു സ്ഥാനവുമില്ലെന്ന് അയാൾ
തിരിച്ചറിഞ്ഞിട്ട് നാളുകളേറെയായി.
ജീവിത ബന്ധങ്ങൾക്ക് വില കല്പിക്കാത്ത ഈ കാലത്ത് തന്റെ ആത്മാർത്ഥമായ സ്നേഹത്തിനോ കരുതലിനോ ഇവിടെ എന്ത് വിലയാണുള്ളത്...?
അല്ലെങ്കിൽ തന്നെ ബന്ധങ്ങൾക്ക് എന്തെങ്കിലും വിലയുണ്ടോ...? ചിലർ പരിചയപ്പെടുന്നതും കൂട്ടുകൂടുന്നത് പോലും എന്തിനൊക്കെയോ വേണ്ടിയല്ലേ...?
അയാൾ സ്വയം ചോദിച്ചു.
തനിക്ക് സ്ഥാനമില്ലാത്ത ഒരിടത്ത് മറ്റുള്ളവർക്ക് ഒരു ഭാരമായി തുടരുന്നതിൽ അർത്ഥമില്ലെന്ന് അയാൾക്ക് തോന്നി. പണ്ട് ആരെയൊക്കെയോ വേദനിപ്പിച്ചതിന്റെയും പലതിനെയും അവഗണിച്ചതിന്റെയും ഫലമായിരിക്കാം ഇന്നത്തെ തന്റെ ഈ ഒറ്റപ്പെടൽ. നമുക്കുണ്ടെന്ന് അഹങ്കരിച്ചിരുന്നതെല്ലാം ഒരു ദിവസം നമ്മെ വിട്ടുപോകും. എന്നിട്ടും ജീവിക്കേണ്ടി വരും.ആർക്കെന്നോ എന്തിനുവേണ്ടിയെന്നോ അറിയാതെ....അയാൾ പതിയെ എഴുന്നേറ്റു. ചായക്കപ്പിൽ നിന്ന് ഉയരുന്ന ആവിയിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.ഇനി ഇവിടെ നിന്നും നിശബ്ദമായി പടിയിറങ്ങുക. പിന്തിരിഞ്ഞു പോലും നോക്കാതെ..."
തന്റെ മനസ്സിനോട് തന്നെ അയാൾ മന്ത്രിച്ചു. ഇനി വരുന്ന ശിശിരത്തിൽ ഈ ലോകം തനിക്കായി എന്തെങ്കിലും ബാക്കിവെച്ചിട്ടുണ്ടെങ്കിൽ അതൊരുനാൾ തന്നെ തേടിയെത്തും. തീർച്ച...!
അകത്തളങ്ങളിലെ തിരക്കുകൾക്കിടയിലേക്ക് ഒരിക്കൽ കൂടി അയാൾ നോക്കി. ആരെയും ശല്യപ്പെടുത്താതെ ഒന്നും ആരെയും തളർത്തരുതെന്ന പ്രാർത്ഥനയോടെ അയാൾ
ആ ഉമ്മറപ്പടിയിറങ്ങി നടന്നു. പുതിയൊരു പ്രഭാതം തേടി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ