2016 ഡിസംബർ 27, ചൊവ്വാഴ്ച

ഒരു കണ്ണുനീർ തുള്ളി കൂടി...അടർന്നു വീഴുമ്പോൾ


എപ്പോഴെങ്കിലും ഓര്‍മ്മയുടെ ചിറകിലേറി...
പിന്നിലേയ്ക്ക് ചീറിപ്പാഞ്ഞു പോകുമ്പോള്‍..
ചിലയിടങ്ങളില്‍ നാമറിയാതെ തന്നെ നിന്നുപോകും.
 പലപ്പോഴും ...  നമ്മെ ചിരിപ്പിച്ച...
സന്തോഷിപ്പിച്ച...
വേദനിപ്പിച്ച...ഒത്തിരി സങ്കടപ്പെടുത്തിയ ...
ചില സംഭവങ്ങൾ...ചില ഓർമ്മകൾ
ഞാനും ഒരു യാത്ര പോവുകയാണ്.
അരുതെന്ന് ഓതി ഞാൻ ഉള്ളിൽ നിശബ്ദമായ്
 അവസാനമായി കണ്ട കാഴ്ചയെയും...
കേട്ട വാക്കുകളെയും
മറയ്ക്കാതിരിക്കാനായി ,
  ഉള്ളിൽ നിറഞ്ഞ വേദനയോടെ..മൗനമായ്
 വഴിത്താര ഓരോന്ന് കടന്നു ,
കാലം മരണത്തിന്‍ ഗുഹാമുഖം തേടുന്നു .
കാലം ഏല്‍പ്പിച്ച മുറിവുകളില്‍....
ഒരു കണ്ണുനീർത്തുള്ളി കൂടി അടർന്നു വീഴട്ടെ..

കാണാക്കയം

അടുപ്പം കൊണ്ട് അകലവും...അകലം കൊണ്ട് നൊമ്പരവും സൃഷ്ടിക്കുന്ന ഇന്നിലെ ചില ബന്ധങ്ങളും,സൗഹൃദങ്ങളും..ഒരു കാണാക്കയം പോലെ..അതിലെ ആഴവും,വ്യാപ്തിയും അളന്നു നോക്കാനോ,തിട്ടപ്പെടുത്താനോ കഴിയില്ല പലപ്പോഴും..ചില അടുപ്പങ്ങൾ വഴിയകലുമ്പോൾ..പിന്നെയും ചിലത് തേടിയെത്തുന്നു..ഒരുപക്ഷേ ഇനിയും നഷ്ടപ്പെടാത്ത മനസ്സിലെ നന്മ കൊണ്ടാകാം.
വിരസമായ ജൽപ്പനങ്ങളെ ഏറ്റുവാങ്ങാൻ വേണ്ടി മാത്രം വിധിക്കപ്പെടുന്ന വാക്കുകളിൽ കബളിക്കപ്പെട്ടവന്റെ ജാള്യത അനുഭവപ്പെടുമ്പോൾ നമുക്ക്‌ നമ്മെ തന്നെ എവിടെയൊക്കെയോ എപ്പോഴൊക്കെയോ വെറുക്കാൻ പ്രേരിപ്പിക്കുന്നു.തീരം തലോടുന്ന തിരമാലകൾ മായ്ച്ചു കളഞ്ഞ സ്നേഹം ശബ്ദം നഷ്ടപ്പെട്ടവന്റെ കീഴടങ്ങൽ പോലെ മൂകമായിരിക്കുമ്പോൾ..
ഇവിടെ നമുക്കൊക്കെ ഇനിയും തിരിച്ച്‌ കിട്ടാൻ എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടോ...?
പലപ്പോഴും പലരുടെയും ജീവിതമെന്ന നാടകത്തിൽ ഒരു കഥാപാത്രമായി കൂടിച്ചേരേണ്ടി വരും.ചിലപ്പോൾ മുഖ്യകഥാപാത്രമോ അല്ലെങ്കിൽ ഇടവേളകൾക്കിടയിൽ കടന്ന് ചെല്ലേണ്ടവനോ ആയിരിക്കും.എങ്ങിനെ ആയാലും പര്യവസാനത്തിൽ തിരശ്ശീല വീണുകഴിഞ്ഞാൽ അവന്റെ പ്രസക്തി കഴിഞ്ഞു.ജീവിതത്തിലായാലും...എവിടെയായാലും.

2016 ഡിസംബർ 23, വെള്ളിയാഴ്‌ച

നഷ്ട പ്രണയം

എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷകൾ മാത്രം നൽകി...എന്നെ തെല്ലും അറിയാതെ നീ കടന്നു പോയ നിമിഷം...!
ഓർമ്മകൾ നൽകാൻ നീ കടന്നുവന്ന ദിവസം..അന്നുമുതൽ എന്റെ മനസ്സിൽ നീ സ്വപ്നങ്ങളും,പ്രതീക്ഷകളും കൊണ്ടൊരു കൂടുകൂട്ടാൻ തുടങ്ങി.ആ കൊച്ചു കൂട്ടിനുള്ളിൽ ചേക്കേറാനും തുടങ്ങി.
നീ വന്നതു മുതൽ മറ്റൊന്നും കാണാൻ എന്റെ കണ്ണുകളും,മറ്റൊന്നും കേൾക്കാൻ എന്റെ കാതുകളും,മറ്റൊന്നും അറിയാൻ എന്റെ ഹൃദയവും എന്നെ അനുവദിച്ചില്ല..
പക്ഷേ..സ്വരുക്കൂട്ടിയതെല്ലാം തകർത്തെറിഞ്ഞ് ...നീ എങ്ങോ പോയ്മറഞ്ഞു....

2016 ഡിസംബർ 18, ഞായറാഴ്‌ച

മായകാഴ്ച്ച

പലപ്പോഴും ഒരു മായാകാഴ്ച പോലെ ...ചിലർ വന്നു പൊയ്‌ക്കൊണ്ടേയിരിക്കും ..ബന്ധങ്ങളിൽ,സൗഹൃദങ്ങളിൽ..അങ്ങിനെ എന്തൊക്കെയോ...എങ്ങനെയൊക്കെയോ ആയി...ചിലപ്പോൾ തെളിവാർന്ന ചിത്രമായി കുറേക്കാലം...മുന്നോട്ടുപോകും...അതിൽ കൂടുതൽ ജീർണ്ണതയുടെ മൂടുപടം അണിഞ്ഞ്..അനിഷ്ടങ്ങളുടെ വകഭേദം തിരഞ്ഞ് ..ഒരു മായകാഴ്ചപോലെ..തിരികെ പോകുകയും ചെയ്യും..ഇന്നിലെ ബന്ധങ്ങൾക്ക് വർണ്ണരാജികൾ ആണ് കൂടുതൽ ഉത്തേജനം നൽകുന്നത്..അത് ചിലപ്പോ കാലത്തിന്റെ മാറ്റമാകാം...അല്ലെങ്കിൽ നേർകാഴ്ചയിലെ വ്യത്യാസങ്ങളും,വ്യതിയാനങ്ങളും,അന്തരങ്ങളും ആയിരിക്കാം..പുതുമ കൂടുതൽ കൂടുതൽ ഉൾക്കൊള്ളും തോറും..പഴമകൾ വേർതിരിച്ചറിയാനോ...പറയാനോ കഴിയാത്ത അരുചിയുടെ വകഭേദങ്ങൾ ആയി മാറും..
പക്ഷേ...ചില സ്വപ്നങ്ങൾക്ക് ഒരിക്കലും നിറഭേദങ്ങൾ ഇല്ല...വകഭേദങ്ങളും ഉണ്ടാകില്ല..
അത് ജീവിതകാലം കൂടെ കൊണ്ടു നടക്കും..
ഒരു ജീവവായു പോലെ...
കാരണം...ഇങ്ങിനെ ചിലതാണ് നമ്മിൽ പലരെയും മുന്നോട്ട് നയിക്കുന്നത്...
ചില സ്വപ്‌നങ്ങൾ.....
ചില പ്രതീക്ഷകൾ...
ചില ആഗ്രഹങ്ങൾ.....
ചില ഇഷ്ടങ്ങൾ ......അങ്ങിനെ എന്തൊക്കെയോ...ഉണ്ടാകും ഓരോരുത്തരുടെയും കൂട്ടിന്...ഒരു സഹയാത്രികനെ പോലെ...എന്നും എപ്പോഴും...
എങ്കിൽ തന്നെയും ...ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാതെ..ചില യാത്രകൾ പാതിവഴിയിൽ അവസാനിക്കുകയാണ് പതിവ്..
കാരണം....കാലം പലപ്പോഴും ചില ജീവിതങ്ങൾക്ക് മേലാണ് അതിന്റെ വികൃത ഭാവം കാണിക്കുക.

2016 ഡിസംബർ 14, ബുധനാഴ്‌ച

കാല്പനികത

ഓർമ്മകളെ താലോലിച്ച് ബഹുദൂരം പിന്നിട്ട്‌...അവസാനം പിന്തിരിഞ്ഞു നോക്കുമ്പോൾ...എന്തൊക്കെയോ നഷ്ടപ്പെട്ടതിന്റെ നൊമ്പരം...നേടുന്നതൊന്നും ശാശ്വതമല്ലെങ്കിലും...ശാശ്വതമായതൊന്നും നേടാനും കഴിയില്ലല്ലോ..
മനുഷ്യൻ പലപ്പോഴും ജീവിതത്തിന്റെ പെരുവഴിയിൽ വെച്ച്‌ കണ്ടുമുട്ടുന്നു.
സ്നേഹിച്ച്‌....
ചിരിച്ചുകളിച്ച്‌....
സങ്കടങ്ങളും... പരിഭവങ്ങളും പങ്കിട്ട്‌ ഏതൊക്കെയോ വഴിത്തിരിവുകളിൽ വെച്ച്‌ പിരിഞ്ഞു പോവുകയാണ്‌....
വീണ്ടുമൊരു കൂടിക്കാഴ്ച്ചക്കുള്ള ഉടമ്പടികളൊന്നും കൂടാതെ. ഇനി അവരിരാരേയെങ്കിലും നമുക്കോ... അവർക്കാർക്കെങ്കിലും നമ്മേയോ കണ്ടുമുട്ടാൻ കഴിയുമോ... ?
അറിയില്ല... !
ചൂടാത്ത പൂവിൻ സുഗന്ധം...
നൽകാനാകാത്ത സ്നേഹത്തിൻ മധുരം.. .
ദാഹജലത്തിനു കാത്തിരിക്കും-
വേഴാമ്പലിൻ ആത്മദാഹം...
വിരിയാൻ വെമ്പുന്ന കലികകാന്തി....
ഇവയെല്ലാമാണ്‌... !
രചനയിൽ വിരിയാത്ത കവിത..
അരങ്ങു കാണാ-നാടകം...
വായിച്ചിടാത്തയാത്മ കഥ...
ഇതിനൊക്കെയുണ്ട്‌ സൗഹൃദങ്ങളേ-
അറിഞ്ഞിടാത്തൊരാനന്ദം.
അനുഭവിച്ചീടാത്ത നൈർമ്മല്യം.
ആസ്വദിച്ചീടാത്ത-
കാൽപനീകതയുടെ നിർവ്വൃതി.

2016 ഡിസംബർ 12, തിങ്കളാഴ്‌ച

ജീവിതം


ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയായൊ പുറമേ കെട്ടിവെക്കുന്ന ഭാരമായോ അല്ല സ്നേഹത്തെ കാണേണ്ടത്. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്. അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം മനസ്സിനെ നമ്മൾ കണക്കാക്കേണ്ടത്. പന്കുവെക്കലിലൂടെയും പ്രയോഗത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും. മനുഷ്യ മനസ്സിലെ സ്നേഹം പരിശീലനത്തിലൂടെ സ്വായത്തമാക്കേണ്ട ഒന്നല്ല...
ചില ബന്ധങ്ങളുടെ കെട്ടുറപ്പിനും,ഭദ്രതക്കും,സ്ഥിരതക്കും വേണ്ടി ...ചിലപ്പോഴൊക്കെ ആത്മാഭിമാനം അടിയറവ് വെക്കേണ്ടി വരും.തെറ്റുകാരണല്ലെങ്കിലും....സ്വയം തെറ്റുകാരാണെന്ന ചിന്ത മനസ്സിലുറപ്പിച്ച് മുഖം കുനിക്കേണ്ടി വരും.കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷങ്ങൾക്കപ്പുറം...നമ്മെ അവർ തിരിച്ചറിയാണമെന്നില്ല.
കാരണം.....ആ തിരിച്ചറിവ് സ്വയം തോന്നേണ്ടതാണല്ലോ...?
ഓരോ നിമിഷവും കിണഞ്ഞു പരിശ്രമിച്ചാലും...ചില ബന്ധങ്ങൾ അകന്നകന്നു പൊയ്‌ക്കൊണ്ടേയിരിക്കും...
ഒരുപാടൊരുപാട് അകലേക്ക്...
കയ്യെത്തുന്നതിനും...കണ്ണെത്തുന്നതിനും അപ്പുറത്തേക്ക്...പക്ഷേ...ജീവിതയാത്രയിൽ അകലം പാലിച്ചവരും,വെറുപ്പും,വിദ്വേഷവും കാണിച്ചവരുമൊക്കെ ഒരു നാൾ നമ്മെ തേടിയെത്തും...ശത്രുവാണെങ്കിൽ...ശത്രുതയെല്ലാം മറന്നുകൊണ്ട്...മിത്രമാണെങ്കിലും..ബന്ധുവാണെങ്കിലും കണ്ണീർപൊഴിച്ചുകൊണ്ട്...
നിർജ്ജീവമായ..വെള്ളപുതച്ച്‌ കിടക്കുന്ന നമ്മുടെയൊക്കെ മൃതശരീരത്തിന് മുൻപിൽ...ഒരുനാൾ വന്നു നിൽക്കും..ഇത് നഗ്നമായ യാഥാർഥ്യം....!!

2016 ഡിസംബർ 9, വെള്ളിയാഴ്‌ച

സ്വപ്നം


അബോധമനസ്സിന്റെ പ്രാകൃതഭാഷയാണ് സ്വപ്നം. മാനസികമായ അലച്ചിലിന്റെ ഏറ്റവും സ്വാഭാവികമായതും, പ്രബലവുമായ രൂപവുമാണത്. 
സ്വപ്‌നങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ്.  സ്വപ്‌നം കാണാത്ത ആരുമുണ്ടാവില്ല. മധുരമുളളതും ഭയപ്പെടുത്തുന്നതും ഇഷ്ടപ്പെടാത്തതും ആയ സ്വപ്‌നങ്ങള്‍. അബോധമനസ്സിന്റെ ഈ ഒളിച്ചുകളിയില്‍ നമ്മുടെ വികാരങ്ങളും വിചാരങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നു.
നല്ല സ്വപ്നങ്ങള്‍ക്ക് വേണ്ടി കണ്ണടച്ചുറങ്ങാനാണ് നാം എപ്പോഴും കൊതിക്കാറുള്ളത്. സ്വപ്നാനുഭവങ്ങളുടെ രുചിഭേദങ്ങളറിയാത്തവരായി മനുഷ്യരില്‍ ആരും ഉണ്ടാവില്ല. 
ഉറങ്ങിക്കഴിഞ്ഞാല്‍ നേരം പുലരുംവരെ നാം ഓരോരോ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റിക്കിടക്കുന്നവരാണ്. അതില്‍ മധുരിക്കുന്നതും, ചവര്‍പ്പനുഭവപ്പെടുന്നതും ചേതോഹരം നിറഞ്ഞതും, ഭയപ്പെടുത്തുന്നതുമെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഇവയൊന്നും അനുവാദം തേടാതെ മനസ്സില്‍ കുടിയേറി ഒരു ലജ്ജയുമില്ലാതെ ഇറങ്ങിപ്പോകുന്നു. ഉറക്കമുണര്‍ന്നാലോ കണ്‍പോളകളിലെ പുകമറ മാറ്റാന്‍ കണ്ണ് തിരുമ്മുമ്പോഴേക്കും ലോകം മാറിയിരിക്കും.
ണര്‍ന്നിരിക്കുന്നവര്‍ക്ക് ഒരു ലോകം മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഉറങ്ങുമ്പോള്‍ ഓരോരുത്തരും അവരവരുടെ ലോകങ്ങളിലേക്ക് മടങ്ങുന്നു”
പക്ഷേ...ഇന്നിലെ പലരും സ്വപ്ന ലോകത്താണ്..ജീവിതമെന്ന യാഥാർത്ഥ്യം മറന്ന് കൊണ്ട്..അവരവരുടെ ലോകത്ത്...
സ്വന്തം ഇഷ്ടങ്ങൾ മാത്രം മുറുകെ പിടിക്കുന്നവർ..അതിനിടയിൽ മറ്റുള്ളവർ എന്ത്...?അവരുടെ വേദനകളും...സങ്കടങ്ങളും എന്ത്..?

2016 ഡിസംബർ 8, വ്യാഴാഴ്‌ച

സൗഹൃദം

സൗഹൃദം........ മനസ്സുകളെ പരസ്പരം കോർക്കുന്ന ഒരു കാണാചരട്....
കൊടുക്കൽ വാങ്ങലുകളില്ലാതെ
ലാഭനഷ്ടങ്ങളില്ലാതെ'......
ഹൃദയം ഹൃദയത്തെയറിയുന്ന നേര്...
സ്നേഹം ആത്മാവിന്റെ ഭാഷയാണ്,
ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....പക്ഷേ ഇന്നിലെ ചില  സൗഹൃദത്തിന് ആത്മാവ് നഷ്ടമാവുന്ന പോലെ...പുതിയ സംസ്ക്കാരം ഇന്നിന്റെ യുവത്വത്തിനുമുന്നിൽ തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളും.....മെയിലുകളും ചേർന്ന് ആത്മാർത്ഥ സൗഹൃദത്തെ തീരെ ചെറുതാക്കുന്നുവോ...........?
സൗഹൃദം വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുമ്പൊൾ,നമ്മുടെ ഹൃദയകോശങ്ങൾ,ഏകാന്തതയുടെ വേനലിൽ വരളുമ്പോൾ,ഇനിയും വരാനിരിക്കുന്ന സൗഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം....

2016 ഡിസംബർ 7, ബുധനാഴ്‌ച

മിഴിനീർ കണം

സ്നേഹം,സൗഹൃദം,ബന്ധങ്ങൾ എന്നും എവിടെയും വിലപ്പെട്ടതാണ്...!കൊടുത്താൽ കിട്ടും...!കിട്ടണം ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും...ചിലപ്പോൾ അങ്ങനെയാണ് അത്...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോൾ എന്നറിയാതെ കടന്നു വരുന്നു.  ചിലപ്പോൾ സന്തോഷവും,സങ്കടവും,വേദനകളും,വേർപാടും മാത്രം നൽകി അതിൽ ആരൊക്കെയോ...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തിൽ ഒരു കൈയ്യൊപ്പിട്ട ശേഷം... ഈ വിട പറഞ്ഞു പോകുന്ന ആരൊക്കെയോ ആണ്.വേർപാടിന്റെ നൊമ്പരം നൽകുക എന്ന് മാത്രം.നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല...ചില കഥകൾ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ...അടുത്തത് എന്ത് എന്ന് അറിയാനാവാതെ...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ...ചില സൌഹൃദങ്ങൾ ദൂരമോ, നിറമോ,ഒന്നും അറിയാതെ സമാന്തരങ്ങളിൽ, സമാനതകളിൽ ഒത്തു ചേരുന്നു...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു... നമ്മൾ ചിലരോടൊക്കെ പറയും"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നു......നിന്റെ സൗഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണ് എന്നൊക്കെ...അതെ...ഓരോ ബന്ധവും വിലപ്പെട്ടതാണ്..പക്ഷേ...ചിലർക്കേ അത് തിരിച്ചറിയാൻ കഴിയൂ...എന്ന് മാത്രം...!
മിഴിനീർ തുള്ളികൾ പറയാനാഗ്രഹിച്ച,...?പറഞ്ഞു തീർന്നിട്ടില്ലാത്ത ഒരുപാടു കാര്യങ്ങൾ.... ആ ഓർമ്മകൾ മനസ്സിലൂടെ കടന്നു വരുമ്പോൾ.. നഷ്ടങ്ങളുടെ ധ്വനിയാണവയ്ക്ക്.....പക്ഷെ അതെല്ലായിപ്പോഴും നമ്മുടെ  മനസ്സിനെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കും.....തടയാൻ നമുക്കാവുകയുമില്ല....