എല്ലാ യദാർത്ഥ വിജയത്തിലും എത്തിച്ചേരാൻ ക്ലേശങ്ങളുടെ വഴികളിലൂടെ നടന്നേ മതിയാകൂ..
ചെളിയും മുള്ളുകളുമുള്ള പാടവരമ്പിലൂടെ നടന്നാലല്ലാതെ കതിർമണികൾ
വിളഞ്ഞുലഞ്ഞു കിടക്കുന്ന മണ്ണിലേക്ക് എത്തിച്ചേരാൻ കഴിയുമോ..?
നനുത്ത മണം പരത്തുന്ന മനോഹരമായ റോസാപ്പൂക്കൾ മുള്ളുകളുള്ള ചില്ലകളിൽ അല്ലേ...? വിടർന്നു നിൽക്കുന്നത്.
ആ പൂവിന്റെ ചാരുതയിൽ ലയിച്ച് അതൊന്ന് നുള്ളിയെടുക്കാൻ ശ്രമിക്കുമ്പോൾ ആ മുള്ളുകൾ വിരലുകളിലേൽപ്പിക്കുന്ന ക്ഷതങ്ങളുടെ വേദന ആ പൂക്കളുടെ മനോഹാരിതയിൽ നോക്കിയിരിക്കുമ്പോൾ മഞ്ഞുപോലെ നമ്മിൽ നിന്ന് അലിഞ്ഞു പോകാറില്ലേ...
ഇതു തന്നെയാണ് ജീവിതം.
ക്ലേശങ്ങളിലൂടെ...
കഷ്ടപ്പാടുകളിലൂടെ...
ദുരിതങ്ങളിലൂടെ നടന്നെത്തി നാം നേട്ടങ്ങൾ കൈവരിക്കുന്നു.
പലതും സ്വന്തമാക്കി കഴിഞ്ഞാൽ അവൻ എല്ലാം മറക്കുന്നു.
പിന്നിട്ട വഴികൾ...
ആ വഴികളിലെ കല്ലും,മുള്ളും..
കഷ്ടതകളിൽ നമ്മോടു കൂടെ ചേർന്നു നിന്നവരെ...
നമ്മുടെ സങ്കടങ്ങളിൽ വേദനിച്ചവരെ...
വളരെ വലുതല്ലെങ്കിലും കൊച്ചു കൊച്ചു സഹായം ചെയ്തവരെ...
എന്തിനേറെ കുടുംബബന്ധങ്ങളെ..രക്തബന്ധങ്ങളെ...
നമ്മെ നെഞ്ചിലേറ്റിയ സൗഹൃദങ്ങളെ...
അങ്ങിനെ പലതും അവൻ മറക്കുകയും മറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു..
ഏത് മതവിശ്വാസപ്രകാരമാണെങ്കിലും ദൈവം ആവശ്യപ്പെടുന്നത് ഭൂമിയിൽ ഉള്ളിടത്തോളം സഹജീവികൾക്ക്...ഇതര മനുഷ്യർക്ക് നൽകാൻ കഴിഞ്ഞിട്ടുള്ള സ്നേഹത്തിന്റെ...നന്മയുടെ ദയയുടെ...കടമയുടെ...കടപ്പാടിന്റെ കണക്കായിരിക്കും.
ഒരുപക്ഷേ...മരണശേഷം മനുഷ്യന് കൂടെ കൊണ്ടുപോകാൻ കഴിയുന്നതും ആ നന്മകളായിരിക്കും...ഇതെല്ലാം മറന്ന് ജീവിക്കുന്ന...പലതിന്റെയും പേരിൽ മറ്റു മനുഷ്യരുടെ ജീവൻ പോലും അപഹരിക്കുന്ന ഇന്നിലെ അഭിനവ കിങ്കരന്മാർ...
കൊല്ലപ്പെട്ടവരോ അറിയുന്നില്ല...തന്റെ ജീവൻ എന്തിന് അപഹരിക്കപ്പെട്ടുവെന്ന്...
കൊന്നവനും അറിയില്ല...താനെന്തിന് മറ്റൊരു ജീവൻ അപഹരിച്ചുവെന്ന്...
ആരോടും സ്നേഹവും..കടപ്പാടും വെച്ച് പുലർത്താത്ത...ആരുടെയും ദുഃഖങ്ങളും,സങ്കടങ്ങളും കണ്ണു നനയിക്കാത്ത...
ഇന്നിലെ മനുഷ്യാ.....നിന്നെ എന്ത് പേര് ചൊല്ലി വിളിക്കണം...?
കാലനോ....കാപാലികനോ....!
2018 ജനുവരി 11, വ്യാഴാഴ്‌ച
അഭിനവ മനുഷ്യൻ
2018 ജനുവരി 8, തിങ്കളാഴ്‌ച
ശാന്തത
ആഴത്തിലേക്ക് ഉഷ്ണിച്ചിറങ്ങി...
വിജനതയുടെ കരിയിലകൾക്കിടയിൽ പെട്ടുപോയ കാല്പനികതയുടെ നിലക്കാത്ത രോദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ...
റിയലിസം തീർത്ത പാറക്കല്ലുകൾ വക്കുപ്പൊട്ടിയ പ്രതീകാത്മകതയുടെ പിക്കാസ് കൊണ്ട് വെട്ടിക്കീറാൻ ശ്രമിച്ചത്...
കാൽപ്പനികതയിലേക്ക് പിൻവഴികൾ വെട്ടുന്ന തിരക്കിൽ അവൾ അറിഞ്ഞില്ല.
അപ്പോഴേക്കും സെഡേഷൻ അവളുടെ കണ്ണുകളെ കീഴ്‌പ്പെടുത്തി കളഞ്ഞിരുന്നു.വിചിന്തനങ്ങളാൽ പൂപ്പൽ പിടിച്ച അവളുടെ മനസ്സപ്പോൾ തിരയടങ്ങിയ കടൽപോലെ ശാന്തമായിരുന്നു.
ജന്മങ്ങൾക്കപ്പുറത്തേക്ക്
എന്നെങ്കിലും ഒരിക്കൽ പിന്നിലൊരു ഇലയനക്കം...ഒരു വസ്ത്രമർമ്മരം...ഒരു പദന്യാസം...ഒരു നെടുവീർപ്പ്...ഇവയിലേതെങ്കിലുമൊന്ന് കേട്ട് ഒരുപക്ഷേ നീ പിന്തിരിഞ്ഞു നോക്കിയേക്കാം..
അല്ല...! അതു ഞാനാവില്ല....!
ഞാനപ്പോഴും കാത്തു നിൽക്കുകയാവും...
നീ കടന്നുപോയ വഴിയേ...യുഗങ്ങൾക്കു ശേഷവും കാലൊച്ച കേൾപ്പിക്കാതെ നടക്കാൻ...നിന്നെ പിന്തുടരുകയാണെന്ന് വെറുതെ മോഹിച്ചുകൊണ്ട്...
...മണിക്കുട്ടീ...
ചിലപ്പോൾ പ്രണയം ഇങ്ങനെയുമാണ്.കാലൊച്ച കേൾപ്പിക്കാതെ....
ഹൃദയത്തിലേക്ക് നടന്നു കയറാതെ...അത് നിശബ്ദമായി പ്രണയിനിയെ പിന്തുടരുന്നു...
.... ജന്മങ്ങൾക്കപ്പുറത്തേക്ക്...
2018 ജനുവരി 5, വെള്ളിയാഴ്‌ച
ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ
കഴിഞ്ഞുപോയ കാലവും....
കൊഴിഞ്ഞു വീണ ഇലകളും ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരേപോലെ.ഒരിക്കലും വീണ്ടെടുക്കാനോ..
കൂട്ടിച്ചേർത്തുവെക്കാനോ കഴിയില്ല എന്നതല്ലേ സത്യം.ഇന്നലെകളെ പിന്തള്ളി നാളെകൾ മാത്രം സ്വപ്നം കണ്ട് മുന്നോട്ട് പായുന്നു നാം.
പോയ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നെത്തിനോക്കിയാൽ..
ഒരു വിചിന്തനം നടത്തിയാൽ...
സന്തോഷ-സന്താപ നിമിഷങ്ങളുടെ സമ്മിശ്രമായ ഓർമ്മകൾ നമ്മെ തഴുകിയും,തലോടിയും..
ഒപ്പം മിഴികൾ നിറച്ചും കടന്നുപോകുന്നത് അനുഭവിച്ചറിയാൻ കഴിയും.
ഒരുപക്ഷേ സ്വന്തമെന്ന് കരുതിയിരുന്ന...
ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതിയ ചില ബന്ധങ്ങളുടെ കണ്ണികൾ അകന്നു പോയതിന്റെ നൊമ്പരം...
വിരഹം.... വേർപാട് അങ്ങിനെ പലതും...
പിന്നെയും മനുഷ്യൻ പരക്കം പായുന്നു.
കൂടിച്ചേർന്നിരുന്നതിനെ വേർപ്പെടുത്തി...
കുടുംബബന്ധങ്ങൾ തകർത്ത്..
പലതിനേയും ഉന്മൂലനം ചെയ്ത്..
മുന്നിൽ പോകുന്നവരെ തട്ടി മാറ്റി..
പിന്നാലെ വരുന്നവരെ പരിഗണിക്കാതെ ഇനിയും പലതും വെട്ടിപിടിക്കാൻ മുന്നോട്ട് പായുമ്പോൾ പലരും ഓർക്കുന്നില്ല.
അവരവരുടെ നഷ്ടങ്ങൾ..
ഈ യാത്ര എവിടെ വരെ എന്നും അറിയില്ല...
ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമോ എന്നൊരു ഉറപ്പും ആർക്കുമില്ല..
ജീവിതം മധ്യാഹ്നവും കഴിഞ്ഞ് അസ്തമയത്തോട് അടുക്കുമ്പോഴാണ്
നേടിയതൊന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്ന ഓർമ്മ...നമ്മിൽ നുരപടർത്തുക..
ചിന്തിക്കാൻ പ്രേരിപ്പിക്കുക...
അതുവരെയും ഓരോരുത്തരുടെയും ചിന്ത നേട്ടങ്ങളെക്കുറിച്ച് മാത്രമായിരുന്നു..
കയ്യിലൊന്നുമില്ലാതെ ജനിക്കുന്നതും...
അവസാനം നേടിയതൊന്നും കൊണ്ടുപോകാൻ കഴിയാതെ യാത്ര തിരിക്കേണ്ടി വരുന്നവരാണ് നാമെന്ന ബോധം ജീവിതത്തിലുടനീളം മനപ്പൂർവ്വം മറന്നാണ് ഓരോരുത്തരും മുന്നോട്ട് പായുന്നത്..
ജീവിത ബന്ധങ്ങളുടെ കണ്ണികൾ എവിടെയെങ്കിലും അറ്റുപോയിട്ടുണ്ടെങ്കിൽ അത് വിളക്കിച്ചേർക്കാൻ സമയവും...സന്ദർഭവും കാത്ത് നിൽക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ.....
ജീവിതാനുഭവങ്ങളുടെ പകർത്തിയെഴുത്ത് അതൊരിക്കലും...എത്ര എഴുതിയാലും പൂർണ്ണമാകില്ലെന്നറിയാം.പുനർവായന വേണ്ടത് നമ്മുടെയൊക്കെ പോയകാലത്തിന്റെ...
ജീവിതത്തിന്റെ തന്നെയും പിന്നാമ്പുറങ്ങളിലേക്കാണ്..അവിടെ ഓർത്തെടുക്കാൻ പലതുമുണ്ടാകും...നല്ലതും,ചീത്തയും. വേർതിരിച്ചെടുക്കണം എന്നു മാത്രം...!
2017 ഡിസംബർ 21, വ്യാഴാഴ്‌ച
ബാക്കിയാകുന്നു ചിലർ
നാം അടുത്തിടപ്പഴകിയവരിൽ നിന്നോ..
അല്ലെങ്കിൽ നാം ഒരുപാടിഷ്ടപ്പെടുന്നവരിൽ നിന്നോ ഉണ്ടാകുന്ന ചില തിക്താനുഭവങ്ങൾ പലപ്പോഴും ഒരു തീരാവേദനയായി പലരുടേയും മനസ്സിൽ ചുറ്റിപ്പിണഞ്ഞു കിടക്കാറുണ്ട്.
സംഭവങ്ങളുടെ വലിപ്പചെറുപ്പത്തിലുപരി അതിന് കാരണക്കാരാകുന്ന വ്യക്തികളെ ആശ്രയിച്ചാവും മിക്കപ്പോഴും സങ്കടങ്ങളുടെയും...വേദനയുടെയും ഏറ്റക്കുറച്ചിലും വ്യാപ്തിയും അനുഭവപ്പെടുക.
എന്നിരുന്നാലും ചിലതൊന്നും നാം മറക്കാൻ ശ്രമിക്കില്ല.. മറക്കുകയുമില്ല...ഒപ്പം ചില മുഖങ്ങളും..കാരണം...
കഴിഞ്ഞുപോയതൊക്കെയും നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രസക്തമായ ഭാഗങ്ങളായിരുന്നു എന്ന തോന്നലാണ് എല്ലായ്പ്പോഴും നമുക്ക്.
എല്ലാം എന്നേ മറന്ന് പോയെന്ന് നാം പലപ്പോഴും അഭിനയിച്ച് ഫലിപ്പിക്കാൻ ശ്രമിക്കും...നമ്മോട് തന്നെ. ഒപ്പം മറ്റുള്ളവർക്കിടയിലും. പക്ഷേ ചിലതൊന്നും മറക്കാൻ കഴിയാറില്ല എന്നതാണ് സത്യം...! എല്ലായ്പ്പോഴും യാദാർത്ഥ്യങ്ങൾക്ക് നടുവിലൂടെ സഞ്ചരിക്കാൻ ഇടവരുമ്പോഴാണ് പലരും സ്വന്തം ജീവിതത്തിൽ തന്നെ ചില മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നത്.എന്നിട്ടും
അടുത്തവരെ അകറ്റി...അകലങ്ങളിൽ എത്തിപ്പിടിക്കാൻ...ശ്രമിക്കുന്ന ചിലർ... ഇപ്പോഴും ബാക്കി...!
അലിഞ്ഞു ചേരും വരെ
കടിഞ്ഞാണില്ലാത്ത കുതിരയെപോലെയാണ് ആഗ്രഹങ്ങൾ...അതങ്ങിനെ ദിക്കറിയാതെ..കാലമാറിയാതെ മേഞ്ഞുകൊണ്ടേയിരിക്കും.
കിട്ടുന്നതിനനുസരിച്ച് ജീവിക്കുക....അധികമൊന്നും കൊതിക്കാതിരിക്കുക.കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നൊക്കെ പഴമക്കാർ പറയാറുണ്ട്.അവർ അങ്ങിനെ തന്നെ ജീവിച്ച് ചിലതൊക്കെ നമുക്കായി മിച്ചം വെച്ച് കടന്നുപോയവരാണ്.
മനുഷ്യന്റെ അന്തമില്ലാത്ത ആഗ്രഹങ്ങളാണ്..ദുഃഖങ്ങൾക്കും..നഷ്ടബോധത്തിനും കാരണമാകുന്നത്..
ഒരു പുഴപോലെയാണ് മനുഷ്യന്റെ മനസ്സും..ചിലപ്പോൾ കലങ്ങിയും..ചിലപ്പോൾ തെളിഞ്ഞും ഒഴുകിക്കൊണ്ടേയിരിക്കുന്നു..അവസാനം മണ്ണിൽ അലിഞ്ഞു ചേരും വരെ....!
2017 ഡിസംബർ 17, ഞായറാഴ്‌ച
ഓർമ്മക്കുറിപ്പ്
ഞാനൊരു എഴുത്തുകാരൻ അല്ല..സാഹിത്യത്തിന്റെ വൃത്തമോ..പ്രാസമോ..അറിയില്ല.. മറ്റ് നൂലാമാലകളോ വശമില്ല.ചിലർ എല്ലാ നിയമാവലിയും പാലിച്ചെഴുതുന്നവരും..അതിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരും ഉണ്ട്.എനിക്ക് തോന്നിയപോലെ ഞാനും എഴുതട്ടെ...
ചിലപ്പോഴൊക്കെ എഴുതാതിരിക്കുമ്പോൾ സങ്കർഷമാണ്....വാക്കുകൾ തൃപ്തികരമായി നിരത്തുവാനുള്ള യജ്ഞമാണ്...ആവാഹനമാണ്.
ശരിയാവുന്നു എന്ന് തോന്നുമ്പോഴുള്ള ആഹ്ലാദത്തിന്റെ നിമിഷം അകലെ അവ്യക്തമായി കാണുമ്പോൾ അതിലേക്ക് എത്തിച്ചേരാനുള്ള തീവ്രയത്നം തുടരുന്നു.
അത് അകലെയല്ല...അകലെയല്ല എന്ന് മനസ് മന്ത്രിക്കുന്നതിനിടയിൽ പതുക്കെ പതുക്കെ മുമ്പോട്ടുള്ള ആ കാൽ വെപ്പുകളാണ് പലപ്പോഴും ഓരോ ജീവിതത്തെയും അർത്ഥവത്താക്കുന്നത്.
കൈയ്പ്പും മധുരവും കലർന്നതാണ് ജീവിതം.നമ്മുടെ കണ്മുൻപിൽ കാണുന്ന ആളുകളെല്ലാം സുഖം മാത്രം അനുഭവിച്ചു ജീവിക്കുകയാണെന്ന് നമുക്ക് തോന്നും.
അവരുടെയൊക്കെ ജീവിതത്തിന്റെ കൂടിക്കുഴഞ്ഞ ഇഴ പിരിച്ചു നോക്കുമ്പോഴേ എവിടെയൊക്കെയോ അത് പിഞ്ഞി പോയിട്ടുണ്ടെന്ന് മനസ്സിലാവുകയുള്ളൂ.
ജീവിതം മുഴുവൻ ദു:ഖപൂർണ്ണമായിരുന്നു
എന്ന് പരിതപിക്കുന്ന പലരുടേയും ജീവിതത്തിൽ സുഖത്തിന്റെ നാളുകളുണ്ടായിരുന്നു എന്നുള്ളതാണ് സത്യം.
നേരെ തിരിച്ചും ഇത് പോലെ തന്നെയാണ് നമ്മുടെയൊക്കെ ജീവിതവും.
ദു:ഖം വരുമ്പോൾ സന്തോഷത്തിന്റെ നാളുകൾ പലപ്പോഴും മറന്നുപോവുകയാണ്.
സന്തോഷത്തിന്റേയും സുഖത്തിന്റേയും നാളുകൾ അനുഭവിച്ചിട്ടുള്ളവരാണ് എല്ലാവരും.തിരിഞ്ഞു നോക്കുമ്പോഴും...മുന്നോട്ട് നോക്കുമ്പോഴും ഭയമാകുന്നുവെന്ന് പലപ്പോഴും പറയുമെങ്കിലും ഭയപ്പെടാത്ത നാളുകൾ നമുക്കുണ്ടായിരുന്നുവെന്ന് ഓർക്കുക.പ്രതീക്ഷയുടെ നാളുകൾ ഇനി വരാനുണ്ടെന്നും ഓർക്കുക.
ഒരുനാൾ
മനുഷ്യാത്മാവിന്റെ ഗന്ധവും...സ്പർശവും തിരിച്ചറിയാൻ കഴിയാതെ പോകുന്ന അഭിനവ ജനത ഇന്നുകളിൽ ഉറങ്ങിയെഴുന്നേൽക്കുന്നു.സ്ഥാനവലിപ്പത്തിന്റെയും...ജാതീയതയുടെയും പേരിൽ...ആ ഉയർത്തിപ്പിടിക്കുന്ന മഹിമയേക്കാൾ..സ്നേഹവും...സാഹോദര്യവും ആണ് മഹത്തരം എന്ന് മനസ്സിലാക്കാതെ പോകുന്ന പമ്പരവിഡ്ഢിയായ മനുഷ്യർ.കപടതയുടെ...തീനാളമെരിയുന്ന ഭൂമിയിൽ സാഥ്വികമായ മനസ്സോടെ ജീവിക്കുക എന്നത് കഠിനപ്രയത്നമാണ്.
ആത്മാർത്ഥതയുള്ള വാക്കുകളും...ശാന്തമായ മനസ്സും കൈമുതലായുള്ളവരെ പുച്ഛിച്ചു തള്ളുന്ന നവയുഗം...
സാന്ത്വനവും..സ്നേഹവും എന്നേ ഇവിടങ്ങളിൽ നിന്ന് വിസ്‌മൃതിയിലാണ്ടുപോയി...അവശേഷിക്കുന്നത് ജഢതുല്യമായ മനസിനുടമകളായ നാം...അല്ലെങ്കിൽ തന്നെയും പ്രകൃതിയുടെ പവിത്രത നഷ്ടപ്പെട്ടിട്ട് കാലം ഒരുപാടായി..
സർവ്വം സഹിച്ചിരുന്ന ഭൂമിയും ഇപ്പോൾ എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ...കാത്തിരിക്കുന്ന പോലെ...
അത് ചിലപ്പോൾ ഒരു ത്സുനാമിയുടെ പരിരംഭണമോ....ഒരു ഭൂകമ്പത്തിന്റെ പ്രകമ്പനമോ ആയിക്കൂടെന്നില്ല...
ഒരുപക്ഷേ പലതും കണ്ടും...കേട്ടും...സഹിച്ചും
ഈ ഭൂമിക്കും സഹികെട്ടിട്ടുണ്ടാകും...ല്ലേ...?
2017 ഡിസംബർ 15, വെള്ളിയാഴ്‌ച
അർത്ഥമറിയാതെ
വേദനിപ്പിക്കുന്ന...നൊമ്പരമുണർത്തുന്ന കുറച്ച് ഓർമ്മകളും..കുറച്ച് സ്വപ്നങ്ങളും ഉണ്ടാകുമ്പോഴാണ് ഏതൊരാളുടേയും ജീവിതത്തിന് അർത്ഥമുണ്ടാവുക..
കടന്നുപോകേണ്ട വഴിയെ കുറിച്ച് പലർക്കും ഒരു ധാരണയുമില്ലെങ്കിലും...നടന്നുതീർത്ത വഴികളെക്കുറിച്ച് വ്യക്തതയുണ്ടായിരിക്കും.
എങ്കിൽ തന്നെയും പിന്നിട്ട വഴികളുടെ തീരത്ത് കാലത്തിന്റെ വേലിയേറ്റത്തിലോ...വേലിയിറക്കത്തിലോ..കാലം തീരത്തിട്ട ഒരു മുത്തായി...പവിഴമായി ചില ബന്ധങ്ങൾ പ്രകാശമായമായി നമുക്ക് പലർക്കുമിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.വക്രമായ ചിന്തയിലോ..ലൈംഗീകമായ അഭിനിവേശത്തിന്റെ വിഴുപ്പ് ഭാണ്ഡങ്ങളിലോ കെട്ടി മൂടപെടാതെ......
ഇവിടെയാണ് യദാർത്ഥ ഇഷ്ടങ്ങൾ പിറവിയെടുക്കുന്നതും...പിച്ചവെച്ചുനടക്കുന്നതും...ഇവിടെയാണ് ചില പിണക്കങ്ങളിൽ സ്വയം വേദനിക്കുന്നതും..ഇണക്കങ്ങളിൽ സ്വയം മറന്നു സന്തോഷിച്ചുല്ലസിക്കുന്നതും...
ചില ബന്ധങ്ങൾ എല്ലായ്പ്പോഴും തീവ്രമാണ്..
പക്ഷേ...നമ്മിൽ പലരും അത് തിരിച്ചറിയാതെ പോകുന്നു എന്നതല്ലേ...യാദാർത്ഥ്യം...?
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...