2026 നവംബർ 15, ഞായറാഴ്‌ച

പാതി വഴിയിൽ അവസാനിപ്പിക്കുന്ന ബന്ധങ്ങൾ (മിനികഥ)

ഏകാന്തത നിറഞ്ഞ ദിനങ്ങൾക്കിടയിൽ എന്തോ ഓർമ്മ വന്നപോലെ അയാൾ തന്റെ കട്ടിലിനടിയിലേക്ക് തള്ളി വെച്ച  ആ പഴയ മരപ്പെട്ടി വലിച്ചെടുത്തു.കാലങ്ങളായി അതെടുക്കാത്തത് കൊണ്ട് നിറയെ മാറാല അതിൽ പറ്റി പിടിച്ചിരുന്നു.
തുറന്നപ്പോൾ അതിൽ നിന്നും പകുതിയിലേറെ അക്ഷരങ്ങൾ മാഞ്ഞുപോയ കുറേ കത്തുകൾ പുറത്തേക്ക് വീണു. വർഷങ്ങൾക്ക് മുൻപ് അമ്മ എഴുതിയ കത്തുകളായിരുന്നു അവ.നഗരത്തിലെ തിരക്കുകൾക്കിടയിൽ അയാൾക്ക് അമ്മയെ വിളിക്കാനോ നാട്ടിലേക്ക് പോകാനോ സമയം കിട്ടിയിരുന്നില്ല. "മോനേ, നിനക്ക് തിരക്കായിരിക്കും എന്ന് എനിക്കറിയാം, എന്നാലും ഒരു വാക്കെങ്കിലും എഴുതണേ..." എന്നായിരുന്നു മിക്ക കത്തുകളിലെയും അവസാന വരി.ഏറ്റവും ഒടുവിൽ വന്ന കത്ത് അയാൾ തുറന്നു വായിച്ചു.അതിൽ വരികൾ കുറവായിരുന്നു.പക്ഷേ... വിറയാർന്ന കൈപ്പടയിൽ ഇങ്ങനെ എഴുതിയിരുന്നു: "എന്റെ കണ്ണുകൾക്ക് ഇപ്പോൾ കാഴ്ച കുറവാണ് മോനേ. ഇനി നിനക്ക് കത്തുകൾ എഴുതാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.ഇനി നീ വരുമ്പോൾ എനിക്ക് വേണ്ടി കുറച്ചു നേരം സംസാരിക്കാൻ സമയം കണ്ടെത്തണേ..."ആ കത്ത് വായിച്ചു തീർന്നപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തോ ഒരു ഉൾപ്രേരണയിൽ പെട്ടെന്ന് ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങുമ്പോഴാണ് അയാൾ ഓർത്തത്. ആ കത്ത് വന്നിട്ട് വർഷം രണ്ടായെന്നും, അമ്മ ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെന്നും! കാലങ്ങൾ കഴിയവേ തന്നോട് അടുപ്പമുള്ള പലരോടും അയാൾ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്ന വാക്കുകൾ ഇതായിരുന്നു.
നമ്മുടെയൊക്കെ
ചില തിരക്കുകൾ അവസാനിക്കുമ്പോഴേക്കും നമുക്കായി കാത്തിരുന്നവരിൽ പലരും നമ്മെ വിട്ട് യാത്രയായിട്ടുണ്ടാകും.അത് കൊണ്ട് ഏതൊരു ബന്ധവും പാതിവഴിയിൽ വലിച്ചെറിയാതിരിക്കുക.

2026 നവംബർ 14, ശനിയാഴ്‌ച

വഴിയരികിൽ....(മിനികഥ)

വർഷങ്ങൾക്ക് ശേഷമാണ് അവനും അവളും വീണ്ടും വഴിയരികിൽ കണ്ടുമുട്ടിയത്.
കുറെ വർഷത്തെ ഇടവേളകൾക്ക് മുൻപേ അവർ തമ്മിൽ പരസ്പരം ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു.
വഴിയരികിൽ എന്നും കണ്ടുമുട്ടുമായിരുന്നു.പതിയെ പതിയെ ആ ബന്ധത്തിന് നിറം മങ്ങി പോയി.
ജോലിത്തിരക്കുകളും കുടുംബപ്രാരാബ്ധങ്ങളും മറ്റു പല പ്രശ്നങ്ങളും കാരണം അവർ തമ്മിൽ സംസാരിച്ചിട്ട് വർഷങ്ങളായിരുന്നു. പഴയതുപോലെ സംസാരിക്കാൻ കഴിയുമോ എന്നൊരു ചെറിയ ആശങ്ക ഇരുവർക്കും ഉണ്ടായിരുന്നു.അടുത്ത് കണ്ട ചായ കടയിലേക്ക് നോക്കി അവൻ പറഞ്ഞു.നമുക്ക് ഓരോ ചായ കുടിച്ചാലോ...? അവൾ സമ്മതം മൂളി.കടയുടമയോട് രണ്ട് ചായയ്ക്ക് പറഞ്ഞു. അവൾക്ക് മധുരം കൂടുതലാണ് വേണ്ടതെന്ന ഒരു ഓർമ്മയിൽ 
"ചേട്ടാ, ഒരെണ്ണത്തിൽ മധുരം കുറച്ച് കൂടുതൽ ഇട്ടോ" എന്ന് അവൻ പറയാൻ തുടങ്ങിയതും  അവൾ  അവന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു."ഡാ...നിനക്ക് ഇപ്പോഴും അത് ഓർമ്മയുണ്ടോ?" എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അപ്പോൾ അവൻ അവളോട് പുഞ്ചിരിയോടെ പറഞ്ഞു.
 പറഞ്ഞു."ചില ഓർമ്മകൾക്കും...
ചില അടുപ്പങ്ങൾക്കും...
ചില സൗഹൃദങ്ങൾക്കും
കാലപ്പഴക്കമില്ലെടോ,"   
പിന്നീട് അവിടെ മൗനമുണ്ടായിരുന്നില്ല.
അവർ തമ്മിലുണ്ടായിരുന്ന വർഷങ്ങളുടെ അകലം ആ ഒരൊറ്റ നിമിഷനേരം കൊണ്ട് ഇല്ലാതായി. യഥാർത്ഥ സൗഹൃദത്തിന് എന്നും ഒരേ ചൂടും മധുരവുമാണ് എന്ന തിരിച്ചറിവിൽ ...വീണ്ടും കണ്ടുമുട്ടാമെന്ന് പരസ്പരം സമ്മതിച്ച് അവനും അവളും യാത്ര പറഞ്ഞുവെങ്കിലും വീണ്ടും കണ്ടുമുട്ടുമെന്ന് ആർക്കും ഒരു ഉറപ്പുമില്ലായിരുന്നു.

2026 നവംബർ 12, വ്യാഴാഴ്‌ച

എന്റെ ഗ്രാമം ( മിനികഥ)

കുത്തനെയുള്ള ഇറക്കവും ഇറങ്ങി മുന്നോട്ട് നടന്ന് ഞാൻ ചില സമയങ്ങളിൽ ചെന്നിരിക്കാറുള്ള ആ പാലത്തിന് മുകളിലായി ചെന്നു നിന്നു.പാലത്തിന്റെ കൈവരിയിൽ പിടിച്ചു ഞാൻ താഴോട്ട് നോക്കി.വറ്റി തുടങ്ങിയ കനാലിൽ ചെറുമീനുകൾ ഓടി കളിക്കുന്നുണ്ട്.ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ മങ്ങിയ നിഴലും ആ വെള്ളത്തിൽ കാണാൻ കഴിഞ്ഞു.എന്റെ നിഴലായത് കൊണ്ടാണോ എന്നറിയില്ല.അതിന് തീരെ ഭംഗിയില്ലായിരുന്നു.സമയം പോകും തോറും നിഴലിനു നീളം വെച്ചു കൊണ്ടിരുന്നു.
കൊയ്തൊഴിഞ്ഞ പാടത്തെ മൺചെരിവുകളിൽ തെങ്ങിന്റെ കറുത്ത നിഴൽ വീഴുമ്പോൾ അതിനൊരു വല്ലാത്ത ഛായ. 
കനാൽ ബണ്ടിന്റെ അരികിലെ അക്വേഷ്യ മരങ്ങളുടെ നിഴലും വെള്ളത്തിൽ തെളിഞ്ഞു കാണാം.കഴിഞ്ഞുപോയ ദിനങ്ങളെ കുറിച്ച് ഓർത്തെടുക്കാൻ ശ്രമിക്കവേ പുല്ലത്തറ റോഡിലൂടെ പോകുന്ന വീണമോൾ ബസ്സിന്റെ  ശബ്ദം കേട്ടു.ഓ...അപ്പോഴാണ് സമയത്തെ കുറിച്ചോർത്തത്.
തെക്ക് ദൂരെ കല്ലട ക്ഷേത്രത്തിന്റെ മങ്ങിയ വെളിച്ചവും കണ്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.
പകലിന്റെ പടിഞ്ഞാറ്റയിൽ അന്തികുളിക്ക് തയ്യാറെടുക്കുന്ന
സൂര്യന്റെ ശോണിമ ചേറ്റുകട്ടകൾക്കു പുറത്ത് നിഴലിട്ട ഛായയെ മായ്ച്ചു കളഞ്ഞു തുടങ്ങിയിരുന്നു.
ഒരു സന്ധ്യയുടെ മൗനം പൂർണ്ണമായും ഏറ്റുവാങ്ങിയ എന്റെ ഗ്രാമം ധ്യാനാത്മകമായ നിദ്രയിലേക്ക് വീഴുവാൻ ഇനി കുറച്ചു
മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ.ഞാൻ തിരിച്ചു നടന്നു എന്തെല്ലാമോ ബാക്കി വെച്ച് കൊണ്ട്.

2026 നവംബർ 11, ബുധനാഴ്‌ച

മനസ്സിന്റെ ജാലകപടിയിൽ (കവിത)

മായാജാലം വാക്കുകൾ തൻ അതിരുകൾക്കപ്പുറം,
വ്യാഖ്യാനമില്ലാതെ പെയ്യുന്ന മഴയാണ് ഓർമ്മകൾ.
മറവിയുടെ മൂടുപടമിട്ടു മൂടിയാലും,മറക്കണമെന്നു നാം വാശിപിടിക്കുമ്പോഴും
മനസ്സിൻ്റെ ജാലകപ്പടിയിൽ അവ വീണ്ടും വന്നിരിക്കും.
മനസ്സിന്റെ വാതിൽ തുറന്നവ ഓടിയെത്തുംഎപ്പോഴോ വീണുകിട്ടിയ നിമിഷങ്ങൾ,
എങ്ങനെയോ ഹൃദയത്തിൽ കൂടുകൂട്ടിയവ.
ജീവിത വീഥികളിൽ എപ്പോഴോ കടന്നുവന്ന,
നിഗൂഢമാം ചില നിമിഷങ്ങൾ തൻ സമ്മാനം.ആരും കാണാത്തൊരു സ്വകാര്യതയിൽ,
ഒരു കോശത്തിലും ചെറുതായി ഒളിച്ചിരുന്നവ.ഒരു മാന്ത്രിക വിരലാൽ തൊടുംപോലെ,
മാസ്മരികാനുഭൂതി തൻ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
കാലമെത്ര കഴിഞ്ഞു പോയാലും മായാതെ,കൂടെയെന്നും ഓടിയെത്തും ഓർമ്മ തൻ മായാജാലം.ഒരു മാസ്മരികാനുഭൂതി തൻ ആഴങ്ങളിലേക്ക്
നമ്മെ വീണ്ടും കൂട്ടിക്കൊണ്ടുപോകും!

ആരോ ഒരാൾ